ശാന്തമായിരിക്കാൻ,ദൈവത്തോട് സംസാരിക്കാൻ…

സി. ലിസെറ്റ് എസ്. എ. ബി. എസ്., കാഞ്ഞിരപ്പള്ളി പ്രോവിൻസ്

ശാന്തമായിരിക്കാൻ, പ്രകൃതി സൗന്ദ്യര്യം നുകരാൻ ഒരു പ്രാർത്ഥനാകേന്ദ്രം.
അമ്മയുടെ മടിയിൽ സ്വസ്ഥമായി ഇരിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ, അമ്മയാകുന്ന തിരുസഭാമാതാവിന്റെ മടിയിൽ ശാന്തമായിരുന്ന് ആത്മാവിന്റെ പ്രചോദനങ്ങൾ ഉൾക്കൊളളാൻ , ജീവിത നവീകരണം നടത്താൻ, നിർബന്ധങ്ങളോ ബഹളങ്ങളോ ഇല്ലാതെ സ്വന്ത ഉത്തരവാദിത്വത്തിൽ വിചിന്തനം നടത്താൻ കാഞ്ഞിരപ്പളളി രൂപത ഒരുക്കിയിരിക്കുന്ന ഒരു ആശ്രമം….നസ്രാണി റിസേർച്ച് സെന്റർ…
സംശയങ്ങളും ആകുലതകളും നിറഞ്ഞ ഈ ലോകത്ത് ,സത്യമെന്ത് എന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ഒരു കൂട്ടം വൈദികർ. നിശബ്ദതയിൽ ദൈവത്തോട് സംസാരിക്കാൻ ധാരാളം സമയം, സംശയങ്ങൾ ദുരീകരിക്കാൻ ചർച്ചാവേദികൾ, സഭയുടെ പഠനങ്ങളുടെ ആധികാരിക അവതരണം, പൗരാണിക ഗ്രന്ഥങ്ങൾ മുതൽ നവീന ഗ്രന്ഥങ്ങൾ വരെ ഉൾക്കൊളളുന്ന ലൈബ്രറി, എല്ലാറ്റിലും ഉപരി ഹൃദയസ്പർശിയായ വി. കുർബാനയർപ്പണവും ഏഴ് നേരത്തെ യാമ നമസ്കാരങ്ങളും. ആശ്രമ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഭക്ഷണരീതി ആരെയും അതിശയിപ്പിക്കും. വ്യത്യസ്ത വിഭവങ്ങളാൽ നിറഞ്ഞ ഭക്ഷണവേളകൾ. ഈ ആശ്രമത്തിൽ എത്തിയാൽ ആദരവോടെ നമ്മെ സ്വീകരിക്കുന്ന വൈദികരുടെ കൂട്ടായ്മയിൽ എല്ലാവരും ഒരു കുടുംബം പോലെ മുന്നേറുന്നു.
ഒരുമിച്ചുളള പ്രാർത്ഥന, ഭക്ഷണം, ചർച്ചകൾ, ക്ളാസുകൾ എന്നിവയാണ് ഈ ഭവനത്തെ വ്യത്യസ്തമാക്കുന്നത്. ശാന്തമായി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇ ഭവനം ഏറ്റം അനുയോജ്യമാണ്. തിരുസഭയുടെ പഠനങ്ങളുടെ ആധികാരിക വിശദീകരണങ്ങളും മാർതോമ്മാ നസ്രാണികളായ നമ്മുടെ പൗരാണിക സമ്പത്തും തിരിച്ചറിയാനും അവയെ ആഴത്തിൽ അറിയാനും ഒരു യഥാർത്ഥ നസ്രാണിയായി ജീവിക്കാനും നമ്മെ സഹായിക്കുന്ന, വി. കുർബാനയിലെ കാരുണ്യം ആവോളം ആസ്വദിക്കാനും, യാമപ്രാർത്ഥനകളിലെ ദൈവകരുണ തിരിച്ചറിയാനും ഓരോ വിശ്വാസിയെയും ഒരുക്കുന്ന നല്ല ദിനങ്ങൾ…

Sharing by Alvi and Friends

Hai Friends, 🕺🤚

I attended liturgical reatreat in Epiphany season 2017 at Nasrani Research Center, Nallathanny 😃

In one word, I describe Liturgical retreat as “Liberating”. I have been liberated and set free through the real truth.🤗 I Thank you for the most meaningful liturgical retreat.🙌 Real teachings of church helped me to know the beauty of our church and her Liturgy greatly👍. I arrived there physically and emotionally depleted but I am leaving refreshed and restored👼. I have also greatly enjoyed the beauty of the surroundings
🌱🌲🏵🌳🌿🌷🌿🌾🌵🌾🌹🌵☘🌴💐🌴☘🍁🌳🍀🌳🥀🌴🌱🌿

We were all the way to Nallathanni, a tranquil place situated in the Western Ghats🌱🌲, which is in a chain of hills that is located parallel to the Arabian sea. We lost our way in between, but somehow we could reach there late by the help of the Fathers of the Dayra. When we reach there retreat already started and unfortunately we missed Ramsha😕.

Unlike the modern popular “Monasteries”, we were welcomed with very delicious vegetarian food, which was a fascinating thing for us. We had no idea about how the retreat will be. But the fathers explained it. Next day early morning retreat commenced with “ Khala d’shahra”, a liturgical recites in last hours of night. After a meditation, we participated in Sapra and following Qurbana Qandisha. The Dayra Chappel was made 100% in accordance with the East- Syriac architecture. By the opening hours of retreat itself, we realised the divine beauty and simplicity of the liturgy of Nasrani Church. Kind of spiritual nectar started flowing on us making us float on the sea of ecstasy. The following lituricals, such as liturgy of 9,12, and 3 hours also celebrated. The next liturgical day started with the celebration of Ramsa.

In between the Services, there was sharing of Fathers. We never felt it as usual “popular” retreat speeches, which enslaves man in “spiritual inferiority complex” and fear to the sins, “Satan” and penalties. We were truly feeling the divine immersing in the nature, with the running breezes, chirp of birds , just as Ephrem the Syrian and other Malpans explained. The sharing were about the divine love. We understood how the nature points to the Absolute Reality, just as the scriptures do. We walked through the woods and listened to the sharings of father in the fresh mind.
The second and the third days were passed, although we never felt it. The concluding day, there was the Holy Raza, the most solemn form of liturgical celebration of Holy Qurbana of Nasrani Church. Many among us were almost to outburst with the divine emotions. One among youth was almost to fall on the leg of the Dayraya ( one who lives in Dayara) with tears of joy!😢

Instead of focussing on the daily worldly issues, the retreat was enabling us to face the problems of life with the dependency in the love and care of Aalaha (God). We were actually given by a challenge: to pray as Isho M’shiha and Marth Maryam did – father, let your wish happen, not mine ! 👍

Following are the brief highlights of our divine experience.👇👇👇

⏺A great divine gathering of Marthoma Nasrani priests and laity in Monastic tradition and atmosphere.

⏺ To Understand and respect our own mother Church and other sister Churches.

⏺ Perfect and memorabel Holy Rasa (Most solemn Kurbana)

⏺Holy Qurbana and Liturgy of hours with out any compromise in Mar Thoma Nasrani Church Liturgy.

⏺ To study about our mother church history to be proud on its holy tradition.

⏺Inspirating talks of priests about nature and its spirituality

⏺Real doctrine of church and true gospel

⏺To Practice how to pray based on the Apostolic tradition and the teachings of the Fathers of the Church.

⏺Got an insight to mystic life of eastern church fathers

⏺To explore and exploit the limitless mysterious treasures in East Syriac Church’s great liturgical tradition

⏺ Retreat teaches us that fruitful participation in the liturgy requires that be personally conformed to the mystery being celebrated

⏺ Importance of mystagogical catechesis

⏺Most delicious vegetarian food and relaxation of body and mind

Finally we realized that the relation with almighty Aalaha(God), Nature, other creations and the fellow human beings are complimentary and inter related to each other. The driving force is nothing but Love. Because God itself is Love. The true evangelization is nothing but to love.

❤💜💛💛💚💙💙💙💚💛💜💜💜❤💜💜💛💚💚💚

May our risen Lord Isho Mishiha bless this ministry and keep all the people of nasrani research center very well.👍

Sincerely,
Alvi and friends 🚶🏃

Sharing by Jibin Benny and Friends

“സത്യം ഞങ്ങളെ സ്വതന്ത്രരാക്കി”

നല്ലതണ്ണിയിലെ നസ്രാണി റിസേർച്ച് സെന്ററിൽ ദനഹാകാലം ആദ്യ ആഴ്ച നടന്ന ലിറ്റർജിക്കൽ ധ്യാനത്തിൽ പങ്കുകൊണ്ട കൂട്ടുകാരുടെ അനുഭവ സാക്ഷ്യം. 👇👇👇

ധ്യാനത്തെക്കുറിച്ചു അറിഞ്ഞു താല്പര്യത്തോടെ ധ്യാനത്തിനു പങ്കെടുക്കണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ തന്നെ ദനഹാകാലം ആദ്യ ഞായറാഴ്ച്ച കൃത്യം 6 മണിക്ക് തന്നെ റംശാ നമസ്കാരത്തോടെ ധ്യാനം ആരംഭിക്കും എന്നും വൈകുന്നേരം 5 മണിയോടെ എങ്കിലും നല്ലതണ്ണിയിൽ എത്തി ചേരണം എന്നും നസ്രാണി റിസേർച്ച് സെന്റർ ഡയറക്ടർ ആയ ബഹുമാനപ്പെട്ട ചവറപ്പുഴ യാക്കോവ് കത്തനാർ ഞങ്ങളെ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ കണ്ണൂര് നിന്ന് വരേണ്ടിയിരുന്ന ഞങ്ങളിൽ ഒരാളുടെ ബസ് വളരെയധികം ലേറ്റ് ആയതിനാൽ പാലായിൽവെച്ച് പരസ്പരം കണ്ടുമുട്ടി ബൈക്കിൽ അവിടെ നിന്ന് നല്ലതണ്ണിയിലേക്കു യാത്ര തിരിച്ചപ്പോളേക്കും വളരെയധികം വൈകിയിരുന്നു. നേരം നന്നായി ഇരുട്ടി തുടങ്ങിയതിനു ശേഷം ആണ് ഞങ്ങൾ ഹൈറേഞ്ചിലേക്ക് കടന്നത്. മുറിഞ്ഞപുഴ എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലേക്ക് തിരിയണം എന്ന് അച്ചൻ പ്രത്യേകം പറഞ്ഞിരുന്നുവെങ്കിലും നിർഭാഗ്യവശാൽ വിജനമായ വഴിയിൽ മുറിഞ്ഞപുഴ കഴിഞ്ഞത് ഞങ്ങൾ അറിഞ്ഞില്ല. അവസാനം കുറെയധികം കിലോമീറ്ററുകൾ തന്നെ മുന്നോട്ടു പോയി കുട്ടിക്കാനം എത്തിയപ്പോൾ ആണ് അബദ്ധം മനസിലാക്കുവാൻ സാധിച്ചത്. അപ്പോളേക്കും നേരം ഒത്തിരി വൈകിയതിനാൽ ആവണം ആശ്രമത്തിൽ നിന്ന് അച്ഛന്മാരുടെ വിളി വന്നു. ഞങ്ങൾ വഴി തെറ്റി കുട്ടിക്കാനം വരെ എത്തിയെന്നും തിരിച്ചു വരുകയാണെന്നും ഫോണെടുത്തു പറഞ്ഞു. വഴി വീണ്ടും കൃത്യമായി അച്ചന്മാർ പറഞ്ഞു തരുകയും അവരിൽ ഒരാൾ മെയിൻ റോഡിൽ വന്നു നിൽക്കാമെന്നും പറഞ്ഞു. ഞങ്ങളിൽ ഒരാൾ ഈ പ്രദേശത്തു മുള്ളൻ പന്നിയും രാജാവെമ്പാലയും മറ്റും ധാരാളമായി ഉള്ള സ്ഥലമാണ് എന്ന് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞതോടെ യാത്ര കുറച്ചു കൂടി സാഹസികമാക്കിയതായി ഞങ്ങൾക്ക് തോന്നി. വഴിയിൽ ഒന്നും ഒരു മനുഷ്യ ജീവിയെ പോലും കാണുവാനും സാധിച്ചില്ല. എങ്കിലും പറഞ്ഞു തന്നതനുസരിച്ചു ഏകദേശ ഊഹം വെച്ച് ഞങ്ങൾ യാത്ര തുടർന്നു. അപ്പോൾ അതാ വഴി തെറ്റി പോയ ഞങ്ങളെ നേർവഴിക്കു നയിക്കുവാനായി ദൈവ ദൂതനെ പോലെ ഒരു വൈദികൻ തന്റെ ബൈക്കുമായി ഞങ്ങളെ കാത്തു നിൽക്കുന്നു. അദ്ദേഹത്തെ കണ്ടതോടെ കുറച്ചു ആശ്വാസം ആയി. എന്തായാലും ആ നല്ല ഇടയന്റെ പുറകെ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി.

അങ്ങനെ അവസാനം പ്രാർത്ഥിക്കാൻ വിജനമായ മലമുകളിലേക്ക് പോയ കർത്താവിനെ പോലെ മലമുകളിലെ ശാന്തമായ ആ ആശ്രമത്തിലേക്കു ഞങ്ങൾ എത്തി ചേർന്നു. വഴി തെറ്റി പോയ മക്കളെയും നോക്കി കാത്തു നിൽക്കുന്ന സ്നേഹ നിധികളായ മാതാപിതാക്കളുടെ പരിഭ്രമം ആ വൈദികരിലും ഞങ്ങൾ കണ്ടു. എന്തായാലും അവസാനം വന്നവരായ ഞങ്ങളെ നോക്കി പേടിപ്പിച്ചു കളഞ്ഞു നിങ്ങൾ എന്ന് കമന്റു പറഞ്ഞു വിഐപികളെ എന്ന പോലെ അവർ അകത്തേക്ക് കൊണ്ട് പോയി റൂം കാണിച്ചു തന്നു ശേഷം സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നു. വിശേഷങ്ങൾ ചോദിച്ചു. ശരിക്കും വർഷങ്ങൾക്കു ശേഷം സ്വന്തം ഭവനത്തിലേക്കു തിരിച്ചു ചെന്ന ധൂർത്ത പുത്രന്റെ അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്. അങ്ങനെ ആദ്യ ഒരു മണിക്കൂർ കൊണ്ട് തന്നെ ഈ ആശ്രമം ഞങ്ങളുടെ സ്വന്തം വീട് പോലെ തന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങി. ( ധൂർത്ത പുത്രൻ വന്നപ്പോൾ ഉള്ളത് പോലെ മാംസ ഭക്ഷണം ഒന്നുമില്ലായിരുന്നു കേട്ടോ. എന്നാൽ മാംസ ഭക്ഷണത്തെക്കാൾ അതീവ രുചികരമായ സസ്യാഹാരം ആയിരുന്നു ഇവിടെ ഞങ്ങൾക്ക് ലഭിച്ചത്. ഭക്ഷണത്തിൽ പോലും നസ്രാണിക്കു ഒരു ആത്മീയത ഉണ്ടന്ന് ഞങ്ങൾക്ക് മനസിലായി.)

ഒമ്പതു മണിയോടെ ഞങ്ങളിൽ ഭൂരിപക്ഷത്തിനും ധ്യാനത്തിന് വരുന്നതിനു മുൻപ് അപരിചതവും എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചു വളരെയധികം പ്രാധാന്യമേറിയത് ആണന്നു ധ്യാനത്തിലൂടെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ബോധ്യപ്പെട്ടതുമായ യാമ നമസ്കാരത്തിൽ ഞങ്ങൾ പങ്കെടുത്തു. ശേഷം ഞങ്ങളും ആശ്രമത്തിലെ അച്ചന്മാരും ഒരുമിച്ചു ഇരുന്നു പരസ്പരം പരിചയപ്പെട്ടു. പലരുടെയും മുഖത്ത് ഇതെന്തു ഒരു ധ്യാനം ആയിരിക്കും എന്ന അങ്കലാപ്പ് ആയിരുന്നു. എങ്കിലും അച്ചന്മാർ ഏകദേശ ഒരു ചിത്രം അപ്പോൾ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നതോടെ കുറച്ചൊക്കെ ധ്യാനത്തെക്കുറിച്ചു എല്ലാവര്ക്കും മനസിലായി.

പുലർച്ചെയുള്ള ഖാലാ ദ് ശഹറാ എന്ന യാമ നമസ്കാരത്തോടെ രണ്ടാം ദിവസം ആരംഭിച്ചു. ശേഷം ചെറിയൊരു ധ്യാനത്തിന് ശേഷം സപ്രാ നമസ്കാരത്തിലും അതിനു ശേഷം പരിശുദ്ധ ഖുർബാനയിലും ഞങ്ങൾ പങ്കെടുത്തു. പൂർണമായും നസ്രാണി സഭയുടെ തനിമയോട് ചേർന്ന് നിൽക്കുന്ന ആശ്രമ ദേവാലയത്തിൽ ആയിരുന്നുകൊണ്ടു ദൈവത്തെ ആരാധിക്കുവാൻ ലഭിച്ച ഭാഗ്യത്തിനു ഞങ്ങൾ ഈശോയോട് മനസ്സിൽ ഒത്തിരി നന്ദി പറഞ്ഞു. പരിശുദ്ധ ഖുർബാന അതിന്റെ പൂർണതയിൽ തന്നെ അർപ്പിക്കപ്പെട്ടു. നമ്മുടെ സഭയുടെ പൗരസ്ത്യ സുറിയാനി ആരാധനക്രമം എത്ര മനോഹരം ആണന്നു ഞങ്ങൾ അന്ന് രാവിലെ മുതൽ സാവധാനം മനസിലാക്കി തുടങ്ങുകയായിരുന്നു. ജീവിക്കുന്ന ഈശോയെ ഓരോ നിമിഷവും ആ പള്ളിയിലെ ദൈവരാധനായിൽ വെച്ച് ഞങ്ങളുടെ പഞ്ചേന്ത്രിയങ്ങളിലൂടെ ഞങ്ങൾ അനുഭവിച്ചറിഞ്ഞുകൊണ്ടിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അവാച്യമായ ഒരു ദൈവിക അനുഭവം. ആദ്യ ദിവസം ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട് എങ്ങനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ശേഷം ഒമ്പതു മണിക്കും 12 മണിക്കും മൂന്നു മണിക്കും ഉള്ള യാമ നമസ്കാരങ്ങളിൽ ഞങ്ങൾ സജീവമായി പങ്കെടുത്തു ദൈവത്തെ ആരാധിച്ചു. 6 മണിക്ക് ഉള്ള റംശാ നമസ്കാരത്തിലൂടെയും ഞങ്ങൾ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തി.

ഇടവേളകളിൽ അച്ഛന്മാരുടെ ഹൃദയസ്പർശിയായ ടോക്കുകൾ ശ്രവിച്ചു. നിങ്ങൾ അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറഞ്ഞുള്ള ഉപദേശങ്ങൾ ഒന്നും തന്നെ അവരിൽ നിന്ന് കേൾക്കുവാൻ സാധിച്ചില്ല. അങ്ങോട്ട് നോക്കിയാൽ പാപം ഇങ്ങോട്ടു നോക്കിയാൽ ബന്ധനം എന്നൊക്കെ പറഞ്ഞു മനുഷ്യനിൽ പാപ ഭയം കുത്തിവെക്കുന്ന ആധുനിക ആത്മീയ ശൈലിയും അവരിൽ കാണുവാൻ സാധിച്ചില്ല. മൈക്ക് പോലും ഉപയോഗിക്കാതെ നല്ലതണ്ണിയിലെ കുളിർ കാറ്റിനോട് ചേർന്ന് അവർ പറഞ്ഞ കാര്യങ്ങൾ ഇളം കാറ്റു പോലെ വീശുന്ന, ശാന്തമായ നദി പോലെ ഒഴുകുന്ന ദൈവ സ്നേഹത്തെകുറിച്ചായിരുന്നു. സ്‌നേഹമാകുന്ന ആ ദൈവത്തെ മാർത്തോമാ നസ്രാണി സഭയിലൂടെ ആരാധിക്കുന്നതിനെക്കുറിച്ച് ആയിരുന്നു. സുന്ദരമായ പച്ച പുത്തകിടിയിൽ ഇരുന്നു കിളികളുടെ കളാകളാരവത്തോടൊപ്പം ഈശോയെ തന്നെ വൈദികരിലൂടെ ശ്രവിക്കുന്ന ഒരു പുതിയ അനുഭവം ആയിരുന്നു അത്. സകല പ്രശങ്ങൾക്കും ഉള്ള പരിഹാരം അതിൽ ഉണ്ടായിരുന്നു. ഈ ടോക്കുകൾക്കിടയിൽ ഒരിക്കൽ പോലും വിരസത അനുഭവപ്പെടുകയോ ശ്രദ്ധ പതറുകയോ ചെയ്തില്ല എന്നത് എടുത്തു പറയേണ്ടതാണ്. തികച്ചും ജൈവികമായ ഒരു ആത്മീയ വളർച്ച ഞങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങി.

കൃത്യമായ ഇടവേളകളിൽ പ്രകൃതി സുന്ദരമായ ആശ്രമ പരിസരത്തൂടെ കുളിർകാറ്റേറ്റ് സസ്യലതാദികളെ തഴുകി നടക്കുവാനും സുന്ദരമായ ആ പ്രകൃതിയിലെ ശുദ്ധവായു ശ്വസിച്ചു മനസും ശരീരവും ഉന്മേഷഭരതമാക്കുവാനും സാധിച്ചു. സസ്യാഹാരം ആയതിനാൽ ശരീരത്തിന് എന്തെന്നില്ലാത്ത ഒരു പ്രത്യേക സുഖം അനുഭവപ്പെടുകയും ചെയ്തു. പ്രകൃതിയിലൂടെ പോലും ഞങ്ങൾ ദൈവ മഹത്വം ദർശിക്കുകയായിരുന്നു. അങ്ങനെ പ്രകൃതിയുടെ ഭംഗിയും മറ്റും ആസ്വദിച്ചു നടക്കുമ്പോൾ നമ്മുടെ സഭയെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും പരസ്പരം സംസാരിക്കാനും ഞങ്ങൾക്ക് സാധിച്ചു. അപ്പോൾ ഉണ്ടായ സംശയങ്ങൾ പിന്നീട് അച്ഛന്മാരോട് ചോദിച്ചു സംശയ നിവാരണം നടത്തി ബോധ്യങ്ങൾ കൂടുതൽ കൂടുതൽ ഉറപ്പിച്ചു. ആദ്യത്തെ പരിശുദ്ധ ഖുർബാന തന്നെ അർപ്പിച്ചു ഞങ്ങൾക്ക് സന്ദേശം നൽകിയ സിറോ മലബാർ സഭയിലെ പ്രഗത്ഭനായ ചരിത്ര പണ്ഡിതൻ മല്പാൻ കൂടപ്പുഴ അച്ചനെ ഇടവേളകളിൽ നടക്കാൻ ഇറങ്ങിയപ്പോൾ പലപ്പോഴും കാണുകയും വ്യക്തിപരമായി പരിചയപ്പെടുകയും നിരവധി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വെറും ഒരു ഹാളിൽ ചടഞ്ഞിരിക്കാതെ പ്രകൃതിയാകുന്ന ദേവാലയത്തിന്റെ മനോഹാരിത ആസ്വദിച്ചു മല്പാൻ അച്ചന്മാരുടെ കൂടെ നടന്നു സഭയെക്കുറിച്ചും സഭയുടെ ആധ്യാത്മികതയെക്കുറിച്ചും അറിയുന്നതിനുള്ള അസാധാരണമായ ഒരു സാഹചര്യവും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിച്ചു.

ശേഷം രണ്ടാം ദിവസവും മൂന്നാം ദിവസവും നാലാം ദിവസവും ഇത് പോലെ കടന്നു പോയി. സമയം പോകുന്നത് അറിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്ചര്യം. ഓരോ നിമിഷവും അത്രമേൽ പ്രാധാന്യമുള്ളതായി ഞങ്ങൾക്ക് തോന്നി. പരിശുദ്ധ ഖുർബാനയും യാമ നമസ്കാരവും ഉൾപ്പെടുന്ന നസ്രാണി സഭയുടെ ആരാധനക്രമാനുഷ്ട്ടങ്ങൾ വേണ്ട വിധത്തിൽ പൂർണതയിൽ പരികർമ്മം ചെയ്‌താൽ ഒരു തരത്തിലും നമ്മെ മുഷിപ്പിക്കുന്ന ഒന്നല്ലന്നു ഞങ്ങൾക്ക് നൂറു ശതമാനവും ബോധ്യമായി. പരിശുദ്ധ ഖുർബാനക്കും മറ്റും യാതൊരു വിധത്തിലും ഉള്ള സംഗീത ഉപകരണങ്ങളും ഉപയോഗിച്ചില്ല എന്നത് പ്രത്യേകം പരാമര്ശിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഇലക്ട്രോണിക് ശബ്ദങ്ങൾ ഇല്ലാതെ തന്നെ നമുക്ക് പരിശുദ്ധ ഖുർബാന ഏറ്റവും ആഘോഷകരമായി പൂർണതയിൽ അർപ്പിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യവും പരിപൂർണ്ണ സംതൃപ്തിയും ധ്യാനത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ലഭിച്ചു. അവസാന ദിവസമായ വെള്ളിയാഴ്ച സഭയുടെ ഏറ്റവും വലിയ ആഘോഷമായ നമ്മുടെ ധ്യാനത്തിന്റെ ഏറ്റവും മൂർധന്യാവസ്ഥയായ പരിശുദ്ധ റാസ അർപ്പിക്കപ്പെട്ടു. ഞങ്ങളിൽ ഒരാൾക്ക് പരിശുദ്ധ റാസയിലും അതിനു മുൻപത്തെ ദിവസങ്ങളിൽ നടന്ന പരിശുദ്ധ ഖുർബാനകളിലും ശ്രിശൂഷകൻ ആകാൻ സാധിച്ചു എന്നത് വലിയ ഒരു ദൈവാനുഗ്രഹമായി തോന്നി. പരിശുദ്ധ ഖുർബാനയിൽ ഞങ്ങളിൽ പലരും പൊട്ടികരയുന്നത് കണ്ടു. പലപ്പോഴും കരച്ചിൽ അടക്കി നിർത്താൻ വേണ്ടി ശരിക്കും അവർ പാടുപെട്ടു. വൈകാരികതക്കു നമ്മുടെ ആരാധനക്രമ ആധ്യാത്മികതയിൽ സ്ഥാനമില്ലന്നു ചില നവീന ശൈലികളെ പിൻചെല്ലുന്നവർ പ്രചരിപ്പിക്കുന്നത് തികച്ചും വിഢിത്തം ആണന്നു ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെട്ടു. അവസാന ദിവസത്തിന്റെ അവസാനം നടന്ന ചർച്ചക്കിടക്കു പരിശുദ്ധ ഖുർബാനയെ ധ്യാനത്തിലൂടെ ആഴത്തിൽ മനസിലാക്കിയ 20 വയസുള്ള ഒരു ചെറുപ്പക്കാരൻ പരിശുദ്ധ ഖുർബാനയെപ്പറ്റി പറഞ്ഞു തന്ന വൈദികന്റെ കാലിൽ പിടിച്ചു പൊട്ടിക്കരഞ്ഞു ഏറ്റവും വലിയ അത്ഭുതവും ദൈവ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനവും ആയ പരിശുദ്ധ ഖുർബാന എന്താണ് കുറച്ചെങ്കിലും മനസിലാക്കി തന്നതിന് കണ്ണീരോടെ നന്ദി പറഞ്ഞു വൈകാരികമായി പ്രതികരിച്ചത് ഞങ്ങളിൽ പലരെയും വികാരഭരിതരാക്കി. ധ്യാനത്തിൽ സംബന്ധിച്ച പലരും ജീവിതത്തിലെ പ്രശ്നങ്ങളുടെയും തകർച്ചകളുടെയും വേദനകളുടെയും ഇടയിൽ ആണ് ഒഴാഴ്ച്ച സമയമുണ്ടാക്കി വന്നത്. ആന്തരിക സൗഖ്യ ധ്യാനം ആണന്നു ഓർത്തു വന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു ധ്യാനം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായ വലിയൊരു സത്യം എല്ലാ സൗഖ്യവും സഭയുടെ ആരാധനക്രമത്തിലൂടെ നമുക്ക് ലഭിക്കും എന്നതാണ്. വിശിഷ്യാ പരിശുദ്ധ ഖുർബാനയുടെ മഹത്വം മനസിലാക്കാൻ സാധിച്ചു. ആരാധനക്രമത്തിൽ അധിഷ്ഠിതമായ വിശ്വാസ പരിശീലനം കൊണ്ട് മാത്രമേ യഥാർത്ഥ മെശിയാനിക ആധ്യാത്മികതയിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കു. എന്തൊക്കെ തകർച്ച വന്നാലും വേദന വന്നാലും അതൊക്കെ ചങ്കൂറ്റത്തോടെ സഹിച്ചു അവസാനം വരെ തമ്പുരാനിൽ ആശ്രയിച്ചു പിടിച്ചു നിൽക്കുവാനുള്ള ധൈര്യം ഞങ്ങൾക്ക് ഈ ധ്യാനത്തിലൂടെ ലഭിച്ചു. ഏറ്റവും വലിയ ഔഷധം കൂടിയായ പരിശുദ്ധ ഖുർബാന ഞങ്ങളിലെ സകല ആന്തരിക മുറിവുകളും ഉണക്കി പൂർണമായ ആന്തരിക സൗഖ്യം നൽകി. അധ്വാനിച്ചു ഭാരം വഹിച്ചു ദൈവത്തെയും സഹോദരങ്ങളെയും പ്രകൃതിയെയും സ്നേഹിച്ചു ഈശോയോട് ചേരുന്ന സ്നേഹത്തിൽ പ്രവർത്തനനിരതമാകുന്ന ആധ്യാത്മികത ആണ് ഉണ്ടാവേണ്ടത് എന്ന് ബോധ്യപ്പെട്ടു. കാലി തൊഴുത്തിൽ പിറന്ന ഈശോയുടെ ലാളിത്യമാർന്ന ത്യാഗ പൂർണമായ ജീവിത ശൈലി ആയിരിക്കണം ഓരോ നസ്രാണിയുടെ ജീവിതത്തിനും ഉണ്ടാകേണ്ടതെന്നു എന്ന് ഈ ധ്യാനം മനസിലാക്കി തന്നു. അങ്ങനെ ഏറ്റവും വലിയ പ്രത്യാശ ആയ ഉയർത്തെഴുന്നേറ്റ ഈശോ മിശിഹായെ ധ്യാനിച്ച് അവസാനം വരെ സഹിച്ചു നിന്ന് സ്നേഹത്താൽ കത്തിയെരിഞ്ഞു മറ്റുള്ളവർക്ക് പ്രകാശം നൽകി കടന്നു പോകേണ്ടവർ ആണ് ഓരോ നസ്രാണികളും എന്ന വലിയ സത്യം ഈ ധ്യാനത്തിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കി.

ഇടവേളകളിൽ പോലും തട്ട് പൊളിപ്പൻ സിനിമാറ്റിക്ക് ഭക്തി ഗാനങ്ങൾ പാടുകയോ നമ്മുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മിക പാരമ്പര്യങ്ങൾക്കു അവശ്യം വേണ്ടാത്ത കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുകയോ ചെയ്യാതെ നൂറു ശതമാനം മാർത്തോമാ നസ്രാണി സഭയുടെ ആധ്യത്മികതയോട് നീതി പുലർത്തി ആണ് ധ്യാനം നടത്തപ്പെട്ടത്. അത്തരം കാര്യങ്ങൾക്കുള്ള സമയമോ ആവശ്യമോ അവിടെ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. കാരണം അത്തരം മാത്രം സമ്പന്നമാണ് നസ്രാണി സഭയുടെ ലിറ്റർജിയും അവളുടെ തനതായ ആധ്യാത്മികതയും. ആശ്രമ പരിസരവും എന്തിനേറെ പറയുന്നു ഭക്ഷണം പോലും നസ്രാണി തനിമയോട് പൂർണമായും ചേർന്ന് നിൽക്കുന്നവ ആയിരുന്നു. വൈകാരികമായ എല്ലാ സംതൃപതിയും സഭയുടെ ആരാധനക്രമത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. എല്ലാം ദുഖങ്ങളും മദ്ബഹായുടെ മുന്നിൽ സമർപ്പിച്ചു ഖുർബാനക്കിടയിലും യാമ നമസ്കാരങ്ങൾക്കിടയിലും കണ്ണീര് ഒഴുക്കി ദൈവ ജനം ദൈവത്തെ ആരാധിച്ചു. അനുരഞ്ജന കൂദാശ വഴി പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ടു പാപങ്ങൾക്കു മാപ്പ് അപേക്ഷിച്ചും ആത്മീയമായി മാത്രമല്ല വൈകാരികമായും ഞങ്ങൾ നൂറു ശതമാനം തൃപ്തിയടഞ്ഞു എന്നത് ശ്രദ്ധേയം ആണ്.

ആശ്രമത്തിലെ ഒരു വൈദികൻ ഞങ്ങളോട് പറഞ്ഞത് ഒരു വെല്ലുവിളിയായി മനസിൽ മുഴങ്ങുന്നു. എന്റെ ഇഷ്ട്ടം അല്ല, പിതാവേ അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് ഈശോയെ പോലെ ബാവാ തമ്പുരാനോട് പ്രാര്ഥിക്കുവാൻ നമുക്ക് എത്രമാത്രം സാധിക്കുന്നുണ്ട്? ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന് മാതാവിനെ പോലെ പൂർണ്ണ മനസോടെ പറഞ്ഞു ദൈവേഷ്ട്ടത്തിനു കീഴ്വങ്ങുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?

ദൈവത്തെയും സഹോദരങ്ങളെയും പ്രകൃതിയെയും ആത്മാർത്ഥമായി സ്നേഹിച്ചു സ്നേഹത്തിൽ പ്രവൃത്തനനിരതമായ വിശ്വാസത്താൽ ഏതു തകർച്ചകളിലും വേദനയിലും മനസു തളരാതെ ധാർമികതയിൽ ചങ്കൂറ്റത്തോടെ ജീവിച്ചു ആരാധനാക്രമത്തിൽ അധിഷ്ഠിതമായ വിശ്വാസ പരിശീലനം നേടി സഭയിലൂടെ മിശിഹായെ അറിഞ്ഞുനുഭവിച്ചു പിതാവായ ദൈവത്തെ ആരാധിച്ചു പരിശുദ്ധ റൂഹായാൽ നയിക്കപ്പെട്ടു സ്വർഗ്ഗീയ തീർഥാടനം നടത്തേണ്ടവർ ആണ് നമ്മൾ എന്ന് ബോധ്യം നൽകിയ നസ്രാണി റിസെർച്ചു സെന്ററിനും അതിന്റെ ജീവനാഡികളായി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ എല്ലാ വൈദികർക്കും നൂറു ശതമാനം ആത്മാർത്ഥമായി തന്നെ ഒത്തിരി ഒത്തിരി നന്ദി.

അവസാന ദിവസം റാസ കഴിഞ്ഞു ഞങ്ങൾ ഇറങ്ങിയപ്പോൾ വീണ്ടും വഴി തെറ്റുമോ എന്ന് മനസ്സിൽ ചെറിയൊരു പേടി. അപ്പോൾ അതാ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച നോക്കിലും വാക്കിലും പ്രവർത്തിയിലും ലാളിത്യം തുളുമ്പി നിൽക്കുന്ന ആ ചെറുപ്പക്കാരൻ വൈദികൻ. വഴി തെറ്റിയ ഞങ്ങളെ ശരിയായ ദിശ കാണിച്ചു തന്നു ആശ്രമത്തിൽ കൊണ്ട് ചെന്നാക്കിയ ആ ഇടയൻ തന്നെ ധ്യാനത്തിന്റെ അവസാനവും ഞങ്ങളെ നേർവഴി കാണിച്ചു നയിച്ച് മെയിൻ റോഡിലേക്ക് ഇറക്കി വിട്ടു. ഇതൊക്കെ ഒരു പ്രതീകമായി കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വഴി തെറ്റി പോയ ധൂർത്ത പുത്രരായ ഞങ്ങളെ നേർവഴി കാണിച്ചു നയിച്ച് സ്വന്തം ഭവനത്തിൽ കൊണ്ട് പോയി സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു ഇനിയും ഈ സ്നേഹത്തിൽ നിന്ന് നീ പാപം ചെയ്തു അകലരുതെ എന്ന് കെഞ്ചുന്ന സ്നേഹ നിധിയായ ഒരു അപ്പൻ. ആ അപ്പനാകുന്ന ദൈവം വീണ്ടും ലോകത്തിൽ ചില ദൗത്യങ്ങൾ ഏൽപ്പിച്ചു നമ്മെ ശരിയായ വഴിയിലേക്ക് ഇറക്കി വിട്ടിരിക്കുന്നു. ഞങ്ങളുടെ സ്വർഗ്ഗീയ അപ്പയോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു. ഈ സ്നേഹം ഞങ്ങളെ പാപത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ സ്നേഹം ഏറ്റവും വലിയ സ്വർഗ്ഗീയ സുഖം ഞങ്ങൾക്ക് തരുന്നു. അതെ പാപ ഭയം അല്ല. എന്റെ അപ്പയായ ദൈവത്തോടും എന്റെ സഹോദരങ്ങളോടും ഈ പ്രകൃതിയോടും തന്നെയുള്ള എന്റെ സ്നേഹം ആണ് എന്നെ നല്ല മനുഷ്യനാക്കി മാറ്റുന്നത്. സ്നേഹം ആണ് ദൈവം. സ്നേഹമാണ് ജീവിതത്തിന്റെ അർത്ഥം. ഈ സ്നേഹത്തെ ആരാധിക്കുവാൻ പഠിപ്പിക്കുന്നതായിരുന്നു നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിലെ കഴിഞ്ഞു പോയ ആ നല്ല ദിവസങ്ങൾ. മറക്കില്ല ജീവിതത്തിൽ ഒരിക്കലും ദൈവം ഒരുക്കി തന്ന ആ ദിനങ്ങൾ.

(നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിലെ ധ്യാനാനുഭവങ്ങൾ പൂർണമായി എഴുതാൻ ഞങ്ങൾക്ക് കഴിയുന്നില്ല. കാരണം അവിടുത്തെ ഓരോ നിമിഷവും അത്രയ്ക്ക് വലിയ ദൈവനുഭവത്തിന്റെ ആയിരുന്നു. അതൊക്കെ വിശദീകരിച്ചാൽ അനേകം പേജുകൾ ഇനിയും എഴുതുവാൻ ഉണ്ട്. ചുരുക്കത്തിൽ ഒന്ന് മാത്രം പറയാം. ഞങ്ങൾ സത്യം അറിഞ്ഞു, ആ സത്യം ഞങ്ങളെ സ്വതന്ത്രർ ആക്കി. അടിമത്വത്തിൽ നിന്ന് സ്വാതന്ത്രം ആഗ്രഹിക്കുന്ന സകലർക്കും നല്ലത്തണ്ണിയിലെ ഈ നസ്രാണി ആശ്രമത്തിൽ വരാം. സഭ ഒരുക്കി തരുന്ന ദൈവനുഭവം ആവോളം നുകർന്നു സ്വാതന്ത്രം പ്രാപിക്കാം. ഇത് ഈ ധ്യാനത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും വാക്കാണ്. )

-ജിബിൻ ബെന്നി മണികുറ്റിയിലും കൂട്ടുകാരും ( എൻ.ആർ.സി യിൽ ദനഹാക്കാലം ആദ്യ ആഴ്ചയിൽ നടന്ന ധ്യാനത്തിൽ പങ്കെടുത്തവർ )

ഫോൺ : 09847000788 ,
7012747625

Sharing by Devi Menon

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”.
എന്‍റെ പ്രിയപ്പെട്ടവരേ, കഴിഞ്ഞാഴ്ചയില്‍ ദൈവകൃപയാല്‍ പങ്കെടുക്കാന്‍ സാധിച്ച ധ്യാനത്തിലെ അനുഭവങ്ങളുടെ ഒരു ചെറിയ പങ്കുവയ്ക്കലാണ് ഈ പോസ്റ്റ്‌. ഈ ധ്യാനത്തില്‍ നിന്ന് എന്ത് നേടി എന്ന് ചോദിച്ചാല്‍ ചുരുങ്ങിയ വാചകത്തില്‍ എനിക്ക് പറയാനുള്ളത് — എന്‍റെ ഈശോയെയും, ഈശോയുടെ സ്നേഹത്തെയുംകുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും, എന്‍റെ സഭയുടെ പ്രാധാന്യത്തെയും നന്മകളെയുംകുറിച്ച് നല്ല ഒരു അവബോധം കൈവരിക്കാനും സാധിച്ചു, കൂടാതെ വി.ഗ്രന്ഥത്തെയും പരി.കുര്‍ബാനയെയും, കൂദാശകളെയും ദേവാലയത്തെയും കുറിച്ചു ഉത്തമബോധ്യം കൈവന്നു. എന്‍റെ പ്രാര്‍ത്ഥനജീവിതത്തെ ശക്തിപ്പെടുത്തി, എന്‍റെ ആത്മീയജീവിതം വിശുദ്ധിയിലും, ഭൌതികജീവിതം നന്മയിലും വ്യാപരിക്കുവാന്‍ വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കിട്ടി.
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ഒരു ക്രിസ്ത്യാനി –ക്രിസ്തുശിഷ്യ- എന്ന നിലയില്‍, എന്‍റെ ദൈവത്തോടും, തിരുസഭയോടും, എന്‍റെ സമൂഹത്തിലൂം, എന്നോടും ഞാന്‍ ഉത്തരവാദിത്വത്തോടും സ്നേഹത്തോടും കൂടി  എങ്ങനെ പെരുമാറണം – ക്രൈസ്തവആധ്യാത്മികതയോട് ചേര്‍ന്ന് നിന്ന് – ആരാധനാക്രമത്തില്‍ അധിഷ്ഠിതമായി, ഒരു ഉത്തമക്രിസ്ത്യാനിയായി, തിരുസഭാതനയയായി ഞാന്‍ എങ്ങനെ തമ്പുരാന്‍ ദാനമായി നല്‍കിയ ഈ ജീവിതത്തോട് നീതി പുലര്‍ത്തണം എന്നുള്ളതിന്‍റെ വ്യക്തതയോടെയുള്ള ഒരു പരിശീലനം ആയിരുന്നു-ആണ് നല്ലതണ്ണി നസ്രാണി റിസേര്‍ച്ച് സെന്‍റെര്‍ ഓരോ ആരാധനാവത്സര കാലത്തിന്‍റെയും ആദ്യആഴ്ചയില്‍ നടത്തുന്ന “ആരാധനാക്രമാധിഷ്ഠിത ധ്യാനം”.
ഈ ധ്യാനത്തെക്കുറിച്ച് ഞാനറിഞ്ഞത് ഒരച്ചന്‍റെ fb പോസ്റ്റില്‍നിന്നാണ്. ആ പോസ്റ്റിലെ യാമപ്രാര്‍ത്ഥന എന്ന ഒറ്റവാക്കാണ് ബാംഗ്ലൂരില്‍ നിന്ന് നല്ലതണ്ണി വരെ ഞാന്‍ പോകാനുള്ള കാരണം. കാരണം, ഒരു വര്‍ഷത്തിലധികമായി എന്‍റെ ഒരു ആത്മീയഗുരുവില്‍ നിന്ന് പകര്‍ന്നു കിട്ടിയ യാമപ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലുന്ന വ്യക്തിയാണ് ഞാന്‍. 7 നേരം പ്രാര്‍ത്ഥിക്കാറില്ല, 3നേരം (റംശാ, ലൈലിയ, സപ്രാ) കഴിയുന്നതും മുടക്കാറില്ല. അതിനു കാരണം മറ്റൊന്നുമല്ല, വി.കുര്‍ബാന കഴിഞ്ഞാല്‍ എന്‍റെ ആത്മീയ-ഭൌതിക ജീവിതത്തെ അത്രമേല്‍ യാമപ്രാര്‍ത്ഥന സ്വാധീനിച്ചിട്ടുണ്ട്. എന്‍റെ പ്രാര്‍ത്ഥനജീവിതത്തില്‍ എന്‍റെ തിരുസഭയിലൂടെ എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന. ആത്മീയഉണര്‍വ്വോടെ, ആത്മബലത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമ്മളെ ഒത്തിരി സഹായിക്കും ഈ ദൈവസ്തുതി.
പഠിച്ചെടുക്കാന്‍ സ്വല്പം ക്ഷമ വേണമെങ്കിലും, അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല യാമപ്രാര്‍ത്ഥന. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ലട്ടോ, കൊന്തചൊല്ലാന്‍ പഠിക്കാന്‍ പ്രയാസം ഇല്ലായിരിക്കും, എന്നാലും പലരും കൊന്ത ചൊല്ലുന്നത് ധ്യാനാത്മക ചിന്തയോടെയല്ല, ഒരു അധരവ്യായാമം പോലെയാണ്. ഇത്ര കൊന്ത ഒരു ദിവസം ചൊല്ലി തീര്‍ക്കണം എന്ന മനോഭാവത്തോടെ മാത്രം കൊന്തയെ സമീപിക്കുന്നവരുണ്ട്. കൊന്ത തീര്‍ച്ചയായും നല്ലതാണ്, ഒരിക്കലും അത് നിരുത്സാഹപ്പെടുത്തുകയല്ലാട്ടോ. ‘കുരിശു വരയ്ക്കുക’ / ‘കൊന്ത എത്തിക്കുക’ എന്ന പ്രയോഗം ഉണ്ട്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥന അങ്ങനെയായി തീരുന്നു. കൊന്ത ചൊല്ലല്‍ നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനയാണെന്നുള്ള തിരിച്ചറിവ് നമുക്ക് വേണം.
എന്നാല്‍, തിരുസഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന. ആ പ്രാധാന്യം തീര്‍ച്ചയായും നമ്മള്‍ വിശ്വാസികള്‍ യാമപ്രാര്‍ത്ഥനയ്ക്ക് കൊടുക്കേണ്ടതാണ്. ഭൌതിക വിഷയങ്ങളിലെ പുതിയ പഠനങ്ങളും മാറ്റങ്ങളും ഉള്‍കൊള്ളാന്‍ നമ്മള്‍ തയ്യാറാണ്, എന്നാല്‍ ആത്മീയ കാര്യങ്ങളില്‍ പുതിയവ പഠിക്കാന്‍ നമ്മള്‍ പൊതുവേ മടിയുള്ളവരാണ്. ഒന്ന് നമുക്ക് ഓര്‍ക്കാം, യാമപ്രാര്‍ത്ഥന ഒരിക്കലും പുതിയ ഒന്നല്ല, ആദിമസഭയുടെതാണ്. സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും, ജീവിതത്തില്‍ പകര്‍ത്താനും, മറ്റുള്ളവരിലേക്ക് പകരാനും കടമപ്പെട്ടവരല്ലേ നമ്മള്‍? 7 നേരത്തെ പ്രാര്‍ത്ഥനകളും മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നു എന്നുള്ളതും, യാമപ്രാര്‍ത്ഥന അറിയാത്തവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്നു എന്നുള്ളതുമാണ് ഈ ധ്യാനത്തിന്‍റെ ഒരു ധന്യത.
മറ്റൊരു വലിയ പ്രിത്യേകത, ഓരോ അച്ചന്മാരുടെയും ക്ലാസുകളിലെ വിഷയങ്ങള്‍ ഒന്നിനൊന്നു പ്രാധാനപ്പെട്ടതും, ഗൌരവം എറിയതാണെങ്കിലും, ഏതു ജീവിതാന്തസ്സില്‍പ്പെട്ടവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ തീര്‍ത്തും ലളിതമായി പറഞ്ഞു തരുന്നു എന്നതാണ്. ഇടവേളകള്‍ പ്രയോജനപ്രദമാകാന്‍ ലൈബ്രറിയും ഉണ്ട്. കൂടാതെ 2-3 സുറിയാനി പ്രാര്‍ത്ഥനഗാനങ്ങള്‍ ക്ഷമയോടെ പറഞ്ഞു-പഠിപ്പിച്ചു തരുന്നു എന്നതും വളരെ എടുത്തു പറയേണ്ടുന്ന ഒന്നാണ്. 20 പേരെയാണ് ഇപ്പോള്‍ പരമാവധി ധ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ 7 വൈദികശ്രേഷ്ഠരുടെ പ്രാര്‍ത്ഥനകൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥിച്ചും, പഠിച്ചും, സ്രഷ്ടാവിനോടും സൃഷ്ടപ്രപഞ്ചത്തോടും ചേര്‍ന്ന് നിന്ന് നമ്മിലെ വിശ്വാസത്തെ നവീകരിക്കാന്‍ അങ്ങേയറ്റം പ്രയോജനപ്പെടുന്ന ധ്യാനം. ക്ലാസുകളില്‍ പോലും അറിവിന്‍റെ ഒരു പരസ്പര പങ്കുവയ്ക്കല്‍ അനുഭവിക്കാന്‍ സാധിക്കും. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് എല്ലാവരും ഒരുമിച്ചിരുന്നുള്ള ചര്‍ച്ച തീര്‍ച്ചയായും നമ്മളെ ഈശോയുടെ ശിഷ്യസമൂഹത്തിന്‍റെ ദൈവികകൂട്ടായ്മയുടെ അനുഭവത്തില്‍ എത്തിക്കും. ഭക്ഷണമേശയിലും ദൈവസ്നേഹത്തിന്‍റെ നിറവിലാണ് നാമിരിക്കുക. വൈകുന്നേരത്തെ ചെറിയ നടത്തത്തില്‍ പോലും ആലാഹയും, പുത്രന്‍ തമ്പുരാനും, റൂഹാദ്കുദശയും, തിരുസഭയും, മാര്‍ സ്ലീവായും, കൂദാശകളും, മാതാവും, വിശുദ്ധരും, പള്ളിയും  ഒക്കെയായിരിക്കും നമ്മുടെ മനസ്സുകളിലും വാക്കുകളിലും. ദൈവാനുഭവത്തിന്‍റെ തികവാര്‍ന്ന നിമിഷങ്ങള്‍ ആയിരിക്കും എപ്പോഴും.
പറഞ്ഞാല്‍ തീരില്ല, സ്ഥലപരിമിതി മൂലം വാക്കുകള്‍ ചുരുക്കുന്നു. മറ്റ് സഭകളിലെ രീതികളെ വിമര്‍ശിക്കുകയല്ല, മറിച്ചു നമ്മുടെ സഭയുടെ പഠനങ്ങളെക്കുറിച്ചുള്ള അവബോധം ആണ് ഇവിടെ ലഭിക്കുന്നത്. അരുതായ്മകളെക്കാള്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളെപറ്റിയുള്ള ബോധ്യം ആണ് നമുക്ക് ലഭിക്കുന്നത്. മുന്‍പത്തെക്കാള്‍ ആദരവോടെ പള്ളിയില്‍ പോവാനും, കുറേകൂടി സ്നേഹാധിക്യത്താല്‍ വി.കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കാനും, തിരുസഭയെ നെഞ്ചോടു ചേര്‍ത്തുപിടിക്കാനും ഉള്ള ദൈവകൃപ ഈ ധ്യാനം നമ്മിലേക്ക്‌ പകര്‍ന്നു തരുന്നു.
വ്യക്തിപരമായി ഒരു കാര്യംകൂടി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. വിദ്വേഷത്തിലും നിരാശയിലും അമർഷത്തിലും വേദനയിലും കടന്നുപൊയ്കൊണ്ടിരുന്ന എന്നെ ആന്തരിക-ആത്മീയ സൌഖ്യം തന്നു ബലപ്പെടുത്തി, ദൈവസ്നേഹം അനുഭവിച്ചറിഞ്ഞു ഈശോമിശിഹ എന്ന രക്ഷകനിലേക്ക് എത്തിച്ചത് എന്‍റെ അച്ച (പിതൃവാത്സല്യം എനിക്കേകാന്‍ കരുണ തോന്നിയ ഈശോയുടെ ഒരു അഭിഷിക്തന്‍) താരാട്ടുപാട്ടിന്‍റെ മാധുര്യത്തോടെ എന്നെ പഠിപ്പിച്ച ചില സുകൃതജപങ്ങള്‍ (വി.കുര്‍ബാനയിലെയും യാമപ്രാര്‍ത്ഥനയിലെയും ചില പ്രാര്‍ത്ഥനകല്‍) ആയിരുന്നു എന്ന തിരിച്ചറിവും കൂടിയാണ് എനിക്കീ ധ്യാനം.
നമ്മുടെ വിശ്വാസജീവിതത്തിനു മികവും തെളിവും തികവും ഏകാന്‍ പര്യാപ്തമായ ദൈവകൃപനിറഞ്ഞ ധ്യാനം. ഏതൊരു വിശ്വാസിയും ഒരിക്കലെങ്കിലും പങ്കെടുക്കെണ്ടുന്ന ധ്യാനം ആണ് നല്ലതണ്ണിയിലെ നസ്രാണി റിസര്‍ച്ച് സെന്‍റെര്‍ നടത്തുന്ന ഈ ‘ആരാധനക്രമാധിഷ്ഠിത ധ്യാനം’. ഒരിക്കലും ഒരു നഷ്ടമാവില്ല.
പ്രാര്‍ത്ഥനകളോടെ, സസ്നേഹം
+ഈശോയുടെ തിരുനാമത്തില്‍
നിങ്ങളുടെ റോസ് മരിയ / അച്ചു